'റോബിന്‍ ഹുഡ്' എന്ന മലയാള സിനിമ കണ്ടത് ഈയിടെയ്ക്കാണ്. ഒരു ബാങ്ക് തകര്‍ക്കുന്നതിനുവേണ്ടി പൃഥ്വിരാജിന്റെ നായകന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ, എ.റ്റി.എം. കൌണ്ടറുകളിലൂടെ മറ്റുള്ളവരുടെ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതായാണ് കഥ. ഇന്റര്‍നെറ്റ് വഴിയും അല്ലാതെയും ഒക്കെയായി നിരവധി തട്ടിപ്പുകള്‍ നടക്കുന്ന കാലമായതുകൊണ്ട് ഏതുതരത്തിലുള്ളതും നമ്മള്‍ പ്രതീക്ഷിക്കണമല്ലോ?
അങ്ങനെയിരിക്കവേ, ഞങ്ങളുടെ എ.റ്റി.എം. കാര്‍ഡ് (എസ്.ബി.റ്റി.യില്‍ നിന്നെടുത്തത്), ഒരു പുതു തലമുറ ബാങ്കിന്റെ എ.റ്റി.എം. കൌണ്ടറില്‍ കുടുങ്ങിപ്പോകുന്നു. ഞങ്ങളുടെ ചെറിയ പട്ടണത്തിലെ എസ്.ബി.റ്റി. കൌണ്ടര്‍ ഉപയോഗിക്കാന്‍ പറ്റാതെ വരികയും വളരെ അത്യാവശ്യമായി തുക പിന്‍വലിക്കേണ്ട ഒരവസ്ഥയില്‍ ആയിപ്പോയതു കൊണ്ടുമാണ് പുതു തലമുറ ബാങ്കിനെ ആശ്രയിക്കേണ്ടിവന്നത്. കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്ത് രഹസ്യ കോഡ് അടിച്ചു കഴിഞ്ഞതും യന്ത്രം നിശ്ചലമായി. കാര്‍ഡ് ഉള്ളില്‍ കുടുങ്ങിപ്പോയി. ആദ്യത്തെ അനുഭവമായതുകൊണ്ട് ആകെയൊന്നു പകച്ചുപോയി. എന്തു ചെയ്യണമെന്നു ഒരെത്തും പിടിയുമില്ല. കൌണ്ടറിലെ സെക്യുരിറ്റിക്കാരന്‍ കൈമലര്‍ത്തിക്കാണിച്ചു. ഒരു രക്ഷയുമില്ല. ബാങ്കിന്റെ ഫോണ്‍ നമ്പര്‍, ചുവരില്‍നിന്ന് തപ്പിയെടുത്തു വിളിച്ചുനോക്കി. ആരും എടുക്കുന്നില്ല. നേരെചൊവ്വെ അദ്ധ്വാനിച്ചുണ്ടാക്കുന്ന അല്പം പൈസയാണതില്‍ കിടക്കുന്നത്. അത് പോയാല്‍ ഇത്തിരി 'ദെണ്ണ'മുണ്ട്. അതുകൊണ്ട് വൈകുന്നേരം 6 മണി മുതല്‍ കുടുംബസമേതം കൌണ്ടറിനു മുന്നില്‍ കാത്തുനില്‍പ്പ് തുടങ്ങി.
ഇതിനിടെ സെക്യുരിറ്റി ജീവനക്കാരന്‍ ആരെയോ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു. തകരാര്‍ നന്നാക്കാനുള്ള ആളിനെയാണ്. സാധാരണ വിളിച്ചാല്‍ ഉടനെ എത്താറുണ്ടെന്നു പറഞ്ഞു. അങ്ങനെ, ഞങ്ങള്‍, പ്രതീക്ഷയോടെ, വൃശ്ചികത്തിലെ മഞ്ഞും കൊണ്ടങ്ങനെ നിന്നു. സെക്ഷന്‍ ഓഫീസിലെ ഒന്നുരണ്ടു ജീവനക്കാര്‍ വീട്ടില്‍പോകാതെ കൂട്ടുനിന്നു.
കാര്‍ഡ് പുറത്തെടുത്താല്‍ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടുമെന്നാണ് കരുതിയത്. കാരണം കാര്‍ഡ് കുടുങ്ങിയത് സെക്യുരിറ്റി ജീവനക്കാരന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഞങ്ങളുടെ കൈയില്‍ തെളിവുകളെല്ലാമുണ്ട് താനും. ഇടയ്ക്ക് സെക്യുരിറ്റി ജീവനക്കാരന്‍ പറഞ്ഞു - ‘ആരെങ്കിലും വിളിച്ചു പറഞ്ഞാലേ കാര്‍ഡ് കിട്ടൂ. ഇല്ലെങ്കില്‍ നാളെ വലിയ നഗരത്തിലെ ബാങ്കിന്റെ ഓഫീസില്‍ ചെന്നു വാങ്ങണം.’ സെക്യുരിറ്റിയില്‍ നിന്ന് വല്ല വിധേനയും നമ്പര്‍ വാങ്ങി അയാള്‍ വിളിച്ച ആളിനെത്തന്നെ ഞങ്ങളും വിളിച്ചു. ബാങ്കിന്റെ ആള്‍ക്കാരല്ല - കോണ്‍ട്രാക്ട് എടുത്തിരിക്കുന്ന ഏജന്‍സി മാത്രമാണവര്‍. ദൂരെയുള്ള സ്ഥലത്തായതിനാലും രാത്രിയായതിനാലും നന്നാക്കാനുള്ള ആള്‍ ബസില്‍ വരുന്നുണ്ട്. തെളിവു കാണിച്ചാല്‍ കാര്‍ഡ് തരാമെന്നും പറഞ്ഞു.
മണിക്കൂറുകള്‍ കടന്നുപോയി. ഒന്നും സംഭവിച്ചില്ല. ആദ്യത്തെ ആളിനെത്തന്നെ വീണ്ടും വിളിച്ചു. കാര്‍ഡ് തരാന്‍ കഴിയില്ല എന്നദ്ദേഹം മൊഴിഞ്ഞു. ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനിയര്‍മാര്‍ ആണെന്നും എല്ലാ തെളിവുകളും നല്‍കാമെന്നും പറഞ്ഞു. ഒരു രക്ഷയുമില്ല.... ബാങ്കില്‍ നിന്നും ആരെങ്കിലും പറഞ്ഞാലേ കാര്യം നടക്കുകയുള്ളൂ എന്നദ്ദേഹം മാറ്റിപ്പറഞ്ഞു. നാട്ടിലെ ബാങ്കിലാണെങ്കില്‍ ആരെയെങ്കിലുമൊക്കെ നമുക്ക് പരിചയം കാണും. ഏതു രാത്രിയിലും നമുക്കവരെ വിളിച്ചു ശല്യം ചെയ്യാനുള്ള സ്വാതന്ത്യ്രം പോലുമുണ്ട്. ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും ഒക്കെ ഒന്നു വിളിച്ചുനോക്കി. ഈ ബാങ്കില്‍ ആരെയെങ്കിലും അറിയാമോ എന്ന് തിരക്കാനായിട്ട്. ആ ശ്രമവും വിജയിച്ചില്ല. അതിനിടയ്ക്ക് ഏജന്‍സിക്കാരന്‍ ബാങ്കിന്റെ ഒരാളിനെ ഫോണില്‍ തന്നു. ഒരു കാരണവശാലും കാര്‍ഡ് തിരികെ തരില്ലെന്നും 15 ദിവസത്തിനുള്ളില്‍ വലിയ നഗരത്തിലെ ബാങ്കില്‍ ചെന്ന് തെളിവുകള്‍ ഹാജരാക്കി ഒപ്പിട്ടുകൊടുത്ത് കാര്‍ഡ് വാങ്ങിക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ മഞ്ഞുപെയ്യുന്ന രാത്രി നീങ്ങിക്കൊണ്ടേയിരുന്നു. രാത്രി പത്തരയ്ക്ക് ഒരാള്‍ വന്നു. യന്ത്രം തുറന്ന് കാര്‍ഡ് എടുത്തു. തരികയില്ലെന്ന് തീര്‍ത്ത് പറയുകയും ചെയ്തു. അങ്ങനെ ഒരു പാഠം പുതിയതായി പഠിച്ചു - ഏതെങ്കിലും യന്ത്രത്തില്‍ എ.റ്റി.എം. കാര്‍ഡ് കുടുങ്ങിപ്പോയാല്‍ മിണ്ടാതെ വീട്ടില്‍ പൊയ്ക്കോണം. ആരോടും ഒന്നും അന്വേഷിക്കാനുള്ള വകുപ്പുകളില്ല.
പിറ്റേന്നു വൈകുന്നേരം 4 മണിക്ക് വലിയ നഗരത്തിലെ ബാങ്കില്‍ അന്വേഷിച്ചു ചെന്നു. പൂക്കൂടകളും അലങ്കാര വിളക്കുകളും മായകാഴ്ചകളും ഒക്കെയായി കമ്പ്യൂട്ടറുകള്‍ നിറഞ്ഞ ശീതീകരിച്ച സ്വര്‍ഗ്ഗം. 40-ന് മേല്‍ പ്രായമുള്ള ഒരാള്‍ പോലുമില്ല. സുന്ദരികളും സുന്ദരന്മാരും മാത്രം. യുവത്വം തുളുമ്പിനില്‍ക്കുന്ന ഓഫീസ്. അവിടെനിന്നുള്ള മറുപടി കേട്ട് വീണ്ടും ഞെട്ടി. കാര്‍ഡ് അവിടെ എത്തിയിട്ടേയില്ല. ഇന്നലെ രാത്രി തന്നെ കാര്‍ഡ് പുറത്തെടുക്കുന്നത് ഞങ്ങള്‍ കണ്ടതാണെന്നും അതുകൊണ്ട് ഒന്നുകൂടി പരിശോധിക്കണമെന്നും ഞങ്ങള്‍ അപേക്ഷിച്ചു. ‘ആ കൌണ്ടറില്‍ നിന്നും കിട്ടിയ കാര്‍ഡുകളുടെ കൂട്ടത്തില്‍ നിങ്ങളുടെ കാര്‍ഡ് ഇല്ല.’ ഇത്രയേയുള്ളൂ മറുപടി. ആ മറുപടിയും കേട്ട് നമ്മള്‍ തിരിച്ചു പൊയ്ക്കോണം. സര്‍വ്വ വിധ സന്നാഹങ്ങളുമായി അടുത്ത ദിവസം വീണ്ടും വരണം, അങ്ങെനെയങ്ങനെ കാര്‍ഡ് തിരിച്ച് കിട്ടുന്നതുവരെ നടന്നോളണം. തിരിച്ച് കിട്ടിയില്ലെങ്കിലോ........???? ആഗോള വല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം..... ആഹാ ആര്‍ക്കും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ.
ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. ഞങ്ങള്‍ വീണ്ടും കേണപേക്ഷിച്ചു. തലേദിവസം ബന്ധപ്പെട്ട ആളിന്റെ പേര് പറഞ്ഞു; അയാളുമായി ഒന്നു സംസാരിക്കാന്‍ പറഞ്ഞു. അങ്ങെനെയങ്ങനെ ഒടുവില്‍ കാര്‍ഡ് എടുക്കാന്‍ ആള്‍ പോയിട്ടുണ്ട് എന്ന വിവരം തന്നു.
പതുപതുത്ത സോഫയില്‍ പാട്ടുകേട്ട് തണുത്തിരുന്നു. മിനിട്ടുകള്‍ മണിക്കൂറുകള്‍ക്ക് വഴിമാറികൊടുത്തു. സുന്ദരികളും സുന്ദരന്‍മാരും ഓടിനടന്ന് ജോലി ചെയ്യുന്നു. ഞങ്ങളെ ആരും മൈന്‍ഡ് ചെയ്യുന്നില്ല. പതുക്കെ എഴുന്നേറ്റു. വീണ്ടും ചെന്ന് ചോദിച്ചു. അവര്‍ ഞങ്ങളുടെ കാര്യം തന്നെ മറന്നുപോയിരുന്നു. വീണ്ടും അവര്‍ ഫോണില്‍ ഏജന്‍സിക്കാരെ ബന്ധപ്പെട്ടു. കാര്‍ഡ് എടുക്കാന്‍ ഏജന്‍സിക്കാര്‍ പോയിട്ടുണ്ട്. വരുമായിരിക്കും എന്ന മറുപടിയുടെ കൂടെ അദ്ദേഹം ഒരു പുതിയ ‘information’ കൂടി പറഞ്ഞു തന്നു. അതായത് ‘Cash Transaction’ നടന്ന ശേഷം കുടുങ്ങിപ്പോകുന്ന കാര്‍ഡുകളുടെ വിവരം മാത്രമേ ബാങ്കുകാര്‍ക്ക് ലഭിക്കുകയുള്ളു. അല്ലാതെ അവരുടെ യന്ത്രത്തില്‍ കുടുങ്ങിപ്പോകുന്ന ഏ.ടി.എം. കാര്‍ഡുകളെ കുറിച്ചറിയാന്‍ അവര്‍ക്ക് സംവിധാനങ്ങളൊന്നുമില്ല. അതായത് ഞങ്ങളുടെ കാര്‍ഡ് അവരുടെ യന്ത്രത്തില്‍ കുടുങ്ങിയതിന് തെളിവൊന്നുമില്ലെന്ന്. ബാങ്കുകാര്‍ ഇല്ലെന്നു പറഞ്ഞാല്‍ ‘ഇല്ല.’ യന്ത്രത്തില്‍ നിന്നും ഞങ്ങളുടെ കാര്‍ഡ് എടുക്കുന്നത് സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതാണെല്ലോ. അതുകൊണ്ട് രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ കാത്തിരിപ്പ് തുടര്‍ന്നു.
അവസാനം 6 മണിക്ക് കാര്‍ഡ് തിരിച്ച് കിട്ടി. ‘General Knowledge’ന്റെ കുറവിനെപ്പറ്റി പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ ബാങ്കിലെ തണുപ്പില്‍ നിന്ന് റോഡിലെ ചൂടിലേക്കിറങ്ങി. അവിടെ നിന്നൊരു പ്രതിജ്ഞ എടുത്തു. ഇനിമേല്‍ ഇങ്ങനെയൊരബദ്ധം കാണിക്കില്ല. നമുക്ക് നമ്മുടെ ദേശസാല്‍കൃത ബാങ്കുകള്‍ തന്നെയാണ് നല്ലത്.
ചില കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ ചിലരുടെയെങ്കിലും നെറ്റിചുളിയുന്നത് കണ്ടിട്ടുണ്ട്. ആഗോള വല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ബാങ്കിങ്ങ്-ഇന്‍ഷുറന്‍സ് രംഗങ്ങളില്‍ ഗവണ്‍മെന്റ് നിയന്ത്രണം അയയുന്നതിനെകുറിച്ച്, പൊതുമേഖലാ സ്ഥാപനങ്ങളെ തളര്‍ത്തുന്നതിനെകുറിച്ച് ഒക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ പലരും പുച്ഛത്തോടെയാണ് പ്രതികരിക്കാറുള്ളത്. സ്വകാര്യവല്‍ക്കരണം കാര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. പക്ഷേ പുറംമോടികള്‍ക്കുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള മനഃപൂര്‍വ്വമായ ശ്രമം നമ്മുടെ ഓരോരുത്തരുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്ന് അനുഭവങ്ങള്‍ പറയുന്നു.
ഗുണ പാഠം - മുറ്റത്തെ മുല്ല‘യ്ക്കേ’ മണമുള്ളൂ.
1 comment:
ithu ottappetta sambavamalla. sarvasadharanam arumprathikarikkanilla. sharikkum iththaramoravsta vishesham nammude thanne sristiyalle.
Post a Comment